രാഷ്ട്രീയം

Saturday, July 01, 2006

വാക്കുകളുടെ മണം.

നേരം ഇരുട്ടിത്തുടങ്ങുന്നു, പള്ളിപ്പറമ്പിലെ റബ്ബര്‍മരങ്ങള്‍ക്കിടയിലെ ചില്ലകളില്‍ കാക്കകള്‍ ഒറ്റക്കും കൂട്ടമായും സ്ഥാനം പിടിച്ചു. ഓത്ത്പള്ളിയുടെ പിന്നിലുള്ള ഈ പള്ളിപ്പറമ്പില്‍ റബ്ബര്‍മരങ്ങള്‍ക്കിടയില്‍ പടര്‍ന്ന് പന്തലിച്ച് കിടന്ന കാട്ടുചെടികള്‍ക്കും കള്ളിമുള്‍ചെടികള്‍ക്കും ചൊറിതണങ്ങള്‍ക്കുമിടയിലൂടെ അരണയും ഓന്തും പഴുതാരയും ഒരുമയോടെ ഓടിനടന്നു. ചെറുതും വലുതുമായി ഇടതിങ്ങിക്കിടന്ന കബറിടങ്ങള്‍ക്ക് മുകളില്‍ ഇരുട്ട് പരന്നു കിടന്നു. മരച്ചില്ലകളിലിരുന്ന് കാക്കകള്‍ കബറിടങ്ങളിലേക്ക്, മണ്ണടിഞ്ഞ ആത്മാക്കളുടെ ദേഹത്തേക്ക്, മിക്കപ്പോഴും നെഞ്ചിലേക്ക്, മീസാന്‍ കല്ലിന്റെ മുകളിലേക്ക് യഥേഷ്ടം കാഷ്ഠിച്ച് പോന്നു.

മഗ്രിബ് ബാങ്ക് വിളിച്ച് നമസ്കാരം തുടങ്ങുന്നതേയുള്ളു. പള്ളിപ്പറമ്പിന്റെ ഇടയിലൂടെയുള്ള കറുത്ത വഴിയിലൂടെ നമസ്കരിക്കാന്‍ ആളുകള്‍ ഓടിത്തുടങ്ങി. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും വരുന്നവരായിരുന്നു കൂടുതലും. വഴിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ, അഞ്ചുനേരത്തെ നമസ്കാരത്തിനായ് അവര്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു.

തന്റെ വീടിന്റെ മുന്‍പിലൂടെ പള്ളിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന പലരേയും നോക്കി വാ‍വാക്കുട്ടി റാവുത്തര്‍ ചാരുകസാരയില്‍ അങ്ങനെ ഇരുന്നു, നെടുവീര്‍പ്പിട്ടു. റോഡിലേക്ക് ചാഞ്ഞ് നിന്ന മരങ്ങളില്‍ നിന്നും ചിതറിവീണുകിടക്കുന്ന പക്ഷിക്കാഷ്ടത്തിന്റെ മണം ആ പരിസരത്ത് തങ്ങിനിന്നു. ജീവിതത്തിന്റെ ഭാഗമായ് അതുമാത്രം മാറ്റമില്ലാതെ നിന്നു. പരിചയിച്ച്പോന്ന ആ ഗന്ധം ആദ്യമൊക്കെ മൂക്കിലേക്ക് തുളച്ച് കയറിയിരുന്നെങ്കിലും ക്രമേണ റാവുത്തര്‍ അത് പരിചയിച്ച് പോന്നു, അവിടെയുള്ള പലരും.
ഇരുണ്ടുവരുന്ന സന്ധ്യകളെ അയാള്‍ നോക്കിയിരുന്നു. കുറച്ചുനാള്‍മുന്‍പ് വരെ താനും നടന്നതാണി വഴികളിലൂടെ, ഇഖാമത്ത് കൊടുക്കുമ്പോള്‍ താന്‍ പള്ളിയിലെത്തിയിരുന്ന ഒരു കാലം. തന്റെ കുടെ ഉണ്ടായിരുന്ന പലരും ഇന്നു തന്റെ വീടിന്നരികിലുള്ള പള്ളിപ്പറമ്പില്‍ നിദ്രപ്രാപിക്കുന്നു. ഒരിക്കല്‍ സന്തക്കിലേറ്റി തന്നേയും കൊണ്ടുപോകും, അവരുടെ ഒക്കെ അടുത്തേക്ക്...

ഈ വഴിയില്‍ക്കൂടിയുള്ള ആള്‍ക്കാരുടെ എണ്ണത്തില്‍ ഒരുപാട് കുറവുണ്ട്, അതോ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരങ്ങളുടെ ഇരുട്ട് അവരെ തന്നില്‍ നിന്നു മറക്കുന്നുണ്ടൊ? വാവാക്കുട്ടിറാവുത്തര്‍ ചിന്താകുലനായി. വഴിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന റാവുത്തറുടെ കണ്ണില്‍ പള്ളിയിലേക്ക് നടക്കുന്ന പക്രദ്ദീന്‍ അത്തുത്ത തെളിഞ്ഞു വന്നു. റാ‍വുത്തര്‍ തലകുറച്ചുകൂടെ മുന്‍പോട്ടാക്കി ഇരുട്ടിലേക്ക് കണ്ണുകളിറക്കി. അത് പക്രദ്ദിന്‍ തന്നെ അല്ലേ?

“സലാമു-അലൈക്കും” - റാവുത്തര്‍ ഒരു സലാമെറിഞ്ഞു, മറിപടിക്കായ് കാത്തു.
“വ-അലൈക്കും സലാം റഹ്മ്ത്തുള്ളാഹി-വബറക്കാത്തഹു” - ഒരു വൃദ്ധസ്വരം സലാം വീട്ടിയപ്പോള്‍ വാവാക്കുട്ടി റാവുത്തര്‍ക്ക് താന്‍ അത്ര കിഴവനായില്ലന്നു സ്വയം തോന്നി. ഇത് പക്രദ്ദീന്‍ തന്നെ. തന്റെ കൂട്ടുകക്ഷികളില്‍ അവശേഷിക്കുന്ന ഒരാള്‍.
“എന്താ പക്രേ...നീ ഇന്നും താമസിച്ചോ?...“ റാവുത്തറുടെ അന്വേഷണം. “നിനക്കാ പിള്ളേരുടെ അരുടെയെങ്കിലും ഇഞ്ചന്‍വണ്ടിയുടെ പൊറകിലോട്ട് കേറ്മ്മേലാരുന്നോ?’
പതൂക്കെ, ഒരോ കാലടിയും ശ്രദ്ധയോടെ മുന്‍പോട്ട് വച്ച്, പക്രദ്ദീന്‍ അത്തുത്ത ഒരു കറുത്ത കുടയും ചൂടി പള്ളിയിലേക്ക് നടക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.
“നിന്റെ കൊട കൈയ്യിലൊണ്ടൊ?, പുള്ളാരു പറയുന്നത് കാക്കകളൊക്കെ ചേര്‍ന്ന് അതു വെളുപ്പിച്ചെന്ന്...ഏ...?”

പക്രദ്ദീന്‍ അത്തുത്ത ഒന്നും മിണ്ടാതെ നടന്നു...റാവുത്തര്‍ കണ്ണില്‍ നിന്ന് മാഞ്ഞപ്പോള്‍ അത്തുത്ത തനിയെ പറഞ്ഞു...”കാക്കകള്‍ ഇവിടം മുഴുവന്‍ വെളുപ്പിക്കും..നോക്കിക്കൊ...” ആരോടെന്നില്ലാത്ത വെല്ലുവിളിയുടെ ശക്തിയില്‍ കറുത്ത കുടയും ചൂടി ആ വയസ്സന്‍ പള്ളിയിലേക്ക് നടന്നു.
മുകളിലിരുന്ന് കാഷ്ടിക്കുന്ന കാക്കകള്‍ ഇതൊന്നുമറിയാതെ അവരുടെ പ്രവര്‍ത്തികളില്‍ മുഴുകി പോന്നു.

നമസ്കരിക്കാനുള്ള പള്ളിയിലേക്കുള്ള പ്രധാന വഴിയായതിനാല്‍ “ഒളു” മുറിക്കാന്‍ ഇബിലീസ് കാക്കയുടെ രൂപത്തില്‍ വന്ന് കാഷ്ടിക്കുന്നതാണെന്ന് പള്ളിയില്‍ ബാങ്ക് വിളിക്കുന്ന അവ്വോക്കര് കാക്ക പറഞ്ഞത് പക്രദ്ദീന്‍ അത്തുത്തക്ക് അത്ത്ര പിടിച്ചില്ല. അവ്വോക്കര് കാക്കയും ഒരു കാ‍ക്കയല്ലെ...ഇബിലീസാണോ അല്ലയോ എന്ന് ആര്‍ക്കറിയാം? എന്തായാലും ഇതില്‍നിന്നൊക്കെ രക്ഷ നേടാനാണ് തന്റെയീ കുട എന്നു അത്തുത്ത വിശ്വസിച്ച് പോന്നു.

പള്ളിമുറ്റത്തേക്ക് എത്തിയപ്പോഴേക്കും പക്രദ്ദീന്‍ അത്തുത്താടെ കറുത്ത കുട അന്നും കാഷ്ടാക്ക്രമണം കൊണ്ട് വെളുത്തിരുന്നു. അത്തുത്താടെ ദീക്ഷ പോലെ തന്നെ. കാഷ്ടമുറങ്ങിയൊലിച്ച ആ കുട പള്ളിയുടെ മുന്‍പിലുള്ള മരക്കൊമ്പില്‍ തൂക്കി അത്തുത്ത ഹൌളിന്റെ അടുത്തേക്ക് നടന്നു. ദേഹശുദ്ധി വരുത്തി, പള്ളിയുടെ അകത്തേക്ക് കടന്ന്, അവസാന വരിയുടെ കണ്ണിയായ് നിന്ന് നമസ്കരിക്കുമ്പോള്‍ ദുര്‍ഗന്ധവായു അത്തുത്തായൂടെ മൂക്കിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. എങ്ങിനെയെങ്കിലും നമസ്കരിച്ചു എന്ന് വരുത്തി, സലാം വീട്ടി, പള്ളിയുടെ പടികളിറങ്ങുമ്പോള്‍, എന്നെത്തേയുമ്പോലെ അങ്ങിങ്ങായി നില്‍ക്കുന്ന ചെറുകൂട്ടങ്ങള്‍. ചെറുപ്പക്കാരുടെ, മദ്ധ്യവയസ്കരുടെ, വൃദ്ധന്മാരുടെ, അങ്ങിനെ വിഷയപരമായും, സാമ്പത്തികപരമായും, രാ‍ഷ്ട്രിയപരമായും വ്യത്യാസമുള്ള ഗ്രൂപ്പുകള്‍; പല ചര്‍ച്ചകള്‍, പല മുഖഭാവങ്ങള്‍...

പള്ളി സെക്രട്ടറിയോട് ഈ കാക്ക-കാര്യം ഒന്ന് പറഞ്ഞാലോ? അത്തുത്ത മനസ്സിലോര്‍ത്തു...
പള്ളി പ്രസിഡന്റും സെക്ര: യും തിരക്കിലായിരുന്നു. കുടിശിക തീര്‍ക്കാത്ത വരിക്കാരുടെ ലിസ്റ്റും, പള്ളിപ്പറമ്പിലെ റബ്ബറിന്റെ നിന്നു ലഭിക്കുന്ന വരുവുചിലവും, ജമാ:അത്തിന്റെ ഭരണയന്ത്രം തിരിക്കാനുള്ള തിരഞ്ഞെടുപ്പിനേയും പറ്റിയുള്ള ചര്‍ച്ചകള്‍ മുറിക്കകത്ത് നടക്കുന്നു. പ്രസിയുടേയും സെക്ര: യുടേയും മാരുതിക്കാറുകളുടെ ഇടയിലൂടെ അത്തുത്ത മുറിയുടെ അടുത്ത് ചെന്നു. അത്തുത്തായെ കണ്ടയുടനെ പ്രസി: വിവരം തിരക്കി. കാക്കയുടെ കാഷ്ഠ്ക്കാര്യം കേട്ട ഉടനെ പ്രസി: ചിന്താകുലനായി. അത്തുത്ത പറഞ്ഞതത്രയും ഗൌരവമായി കേട്ടിരുന്നിട്ട് മൊഴിഞ്ഞു.-“എന്റണ്ണേ, ഇതിലൊക്കെ പള്ളിക്കെന്ത് ചെയ്യാനാകും? ഇപ്പോഴത്തേ റബ്ബറ് വിലക്കു ഒരു ചെറിയ കമ്പ് പോലും വെട്ടിക്കളയാന്‍ പറ്റുമൊ?...ഒരു കാര്യം ചെയ്യ്, അണ്ണന്‍, പള്ളിയുടെ മുന്‍വശത്ത് കൂടി നടന്ന്, കവല വഴി അങ്ങ് പൊയ്ക്കൊ..ഒരു നടപ്പുമാവും...എന്താ???”.
നല്ല റബ്ബര്‍പാലുപോലത്തെ മറുപടി കെട്ട് അത്തുത്ത മിണ്ടാതെ തിരികെ നടന്നു, അടുത്ത് കണ്ട ചെറുപ്പക്കാരുടെ കൂട്ടത്തിലേക്കു നീങ്ങി. അവരും ചര്‍ചയിലാണ്. നരേന്ദ്രന്‍-കമ്മീഷന്‍ നടപ്പാക്കാതിരുന്നാല്‍ അതിനെതിരേ സമരം സംഘടിപ്പിക്കണം-കൂട്ടത്തില്‍ തൊപ്പി വക്കാതിരുന്ന ഒരാള്‍ പറയുന്നു. ദീക്ഷ നീട്ടി വളര്‍ത്തി, തൊപ്പി വച്ച്, പാന്റ്സിന്റെ താഴ് ഭാഗം മടക്കി മുകളിലേക്ക് വച്ചിരിക്കുന്ന ഒരാള്‍ ഇതെല്ലാം കേട്ട്കൊണ്ട്, അനുഭാവം പ്രകടിപ്പിച്ച് നില്‍ക്കുന്നു, ഗൌരവത്തോടെ... അയാളായിരിക്കൊം ഇതില്‍ തലവന്‍; അത്തുത്ത അയാളൊട് കുറച്ച് കൂടിച്ചേര്‍ന്ന് നിന്നു.
എന്നിട്ട്, പതുക്കെ ചോദിച്ചു-“മോനെ, നമ്മുടെ ഈ പള്ളിയിലേക്കുള്ള വഴിയിലൂടെ നടക്കാന്‍ പറ്റാതായി, കാക്കയുടെ കാഷ്ഠം, നിങ്ങള് പിള്ളേര് സെറ്റൊക്കെച്ചേര്‍ന്ന് ആ ചാഞ്ഞ് നില്‍ക്കുന്ന കൊമ്പൊക്കെ ഒന്നു മുറിച്ച് മാ‍റ്റിയാല്‍...?”
ഗൌരവക്കാരന്‍ അത്തുത്തായുടെ മുഖത്തേക്ക് നോക്കി, എന്നിട്ട് വീണ്ടും മൌനം പൂണ്ടു. അത്തുത്ത അയാളുടെ മറുപടിക്കായ് കാത്തുനിന്നു. ഗൌരവക്കാരന്‍ ശ്വാസം മുകളിലേക്കാവാഹിച്ച് പതുക്കെ മറുപടി പറഞ്ഞു-“നബിയുടെ കാലം മുതല്‍ക്കേ കാ‍ക്കകള്‍ ഉണ്ട്, അത് കാഷ്ഠിക്കുണുമുണ്ട്, അള്ളാഹു വിചാരിച്ചാലേ അത് നിര്‍ത്താന്‍ കഴിയൂ അത്തുത്താ, പടച്ചവന്‍ തീരുമാനിച്ച് അത് നിര്‍ത്തട്ടേ; നമ്മള്‍ അതിലിടപെടണോ...?” ഗൌരവക്കാരന്‍ വീണ്ടും നരേന്ദ്രന്‍ കമ്മിഷന്‍ നടപ്പാക്കലിലേക്ക് തിരിഞ്ഞു.

ഗൌരവക്കാരന്‍ പറഞ്ഞത് എന്താണെന്ന് ചിന്തിച്ച് തലപുണ്ണാക്കാതെ, മരത്തില്‍ തൂക്കിയിട്ടിരുന്ന തന്റെ കുടയെടുത്ത് അടുത്ത് കണ്ട പൈപ്പിന്‍ ചുവട്ടിലേക്ക് നടന്നു. അല്പം വെള്ളം ഒരു കപ്പിലെടുത്ത് കുടയിലേക്കൊഴിച്ച്, തറയില്‍ കിടന്ന പ്ലാവിലകൊണ്ട് കാഷ്ഠത്തെ കഴുകിയിറക്കാന്‍ തുടങ്ങി. പള്ളിയിലെ പ്രധാനികളിലൊരാളായ നൌഷാദ് അത്തുത്തായുടെ അടുത്ത് വന്നു, എന്നിട്ട് പറഞ്ഞു-“ഈ കോട്ടണ്‍ ചീല മാറ്റിയിട്ട്, നൈലോണിന്റെ ചീലയുള്ള കുട വാങ്ങിയാല്‍ കാഷ്ഠം പറ്റിപ്പിടിച്ചിരിക്കില്ല അത്തുത്താ...കാഷ്ഠം വന്ന് വീണ് തെറിച്ചങ്ങ് പൊയ്ക്കൊള്ളും...” . അത് അത്തുത്താക്ക് പുതിയൊരറിവായിരുന്നു. അത്തുത്ത തന്റെ പ്രവൃത്തിയില്‍ മുഴുകി.

‘ഇഷാഹ്” ബാങ്കിനുള്ള സമയമാകുന്നു, കാക്കകള്‍ റബ്ബറിന്റെ മുകളിലിരുന്ന് കരയുന്നു. കാഷ്ഠത്തിന്റെ ദുര്‍ഗന്ധം വായുവില്‍ പരന്നൊഴുകി. വടക്കുനിന്നു വന്ന ജബ്ബാറിന്റെ അത്തറിനൊന്നും അ വായുവില്‍ സുഗന്ധം മാറ്റം വരുത്താനായില്ല. കാറ്റ് ആഞ്ഞൊന്ന് വീശിയപ്പോള്‍ കൂടിനിന്നവര്‍ ഒന്നു തുമ്മി, ഒന്നോ,രണ്ടോ. ബഹു: സെക്ര: യുടെ മാരുതിക്കാറിനുമുകളില്‍ സാമാന്യം നല്ല വലുപ്പത്തില്‍ കാഷ്ഠം ചീറ്റി, മുകളില്‍ നിന്നൊരു കാക്ക. വണ്ടിയുടെ മിനുസമായ പ്രതലത്തിലൂടെ അത് ഒലിച്ചിറങ്ങി.

അത്തുത്ത വണ്ടിയുടെ മുകളിലേക്ക് നോക്കി. തന്റെ അടുത്ത് നില്‍ക്കുന്ന ഗൌരവക്കാരന്റെ അടുത്ത് അത്തുത്ത ചോതിച്ചു-‘കാക്കകാഷ്ടത്തിന്റെ മണം അല്ലേ...?”
ഈ പ്രാവശ്യം ഗൌരവക്കാരന്‍ പെട്ടന്ന് മറുപടി പറഞ്ഞു-“കാക്കകാഷ്ഠ്ത്തിന്റെ മണമത്ത്രയുമില്ല, മുന്‍പിലുള്ള മീഞ്ചന്തയില്‍ നിന്ന് അതിന്റെ ഒരു മണമുണ്ട്, അത്രേയുള്ളു...“
പള്ളിയിലെ പ്രധാന പുരോഹിതന്‍, അനാധാലയം പണിയുന്നതുമായി ബന്ധപ്പെട്ട് ഗള്‍ഫിലേക്ക് പോയത് കാരണം മൂന്നാല് മാസമായിട്ട് ഈകാര്യം പുള്ളിക്കാരനോടും പറയാന്‍ കഴിഞ്ഞിട്ടില്ല.
“ഇഷാഹ്” നമസ്കാരം കഴിഞ്ഞ്, തന്റെ കുടയും നിവര്‍ത്തി, വീട്ടിലേക്ക് നടക്കുമ്പോള്‍ അരേയും അത്തുത്ത കണ്ടില്ല. കാറിലും ബൈക്കിലും, ഓട്ടോറിക്ഷയിലും, കവലയിലൂടെയും ഒക്കെ ആ‍ള്‍ക്കാര്‍ പൊയ്ക്കഴിഞ്ഞിരുന്നു.

തനിയേ നടന്ന പക്രദ്ദീന്‍ അത്തുത്ത ആരോടെന്നില്ലാതെ ചോദിച്ചു-“ഇതൊക്കെ ആരോട് പറയാന്‍?”
അത്തുത്ത ചോദിച്ചത് അല്പം ഉറക്കെയായിരുന്നു. കാട്ടുചെടികളും, കള്ളിമുള്‍ചെടികളും, ചൊറിതണവും തിങ്ങി നിന്ന പള്ളിപ്പറമ്പിലേക്ക് ഇറങ്ങി ചെന്നൂ ആ ചോദ്യം; മീഞ്ചന്തയില്‍നിന്നു ഒഴുകുയിറങ്ങിയ ആ മാലിന്യജലം പോലെ...

പള്ളിപ്പറമ്പില്‍ പലരുമുണ്ടാ‍യിരുന്നു, പണ്ട് മരിച്ചവരും കഴിഞ്ഞദിവസം ചെന്ന പുതിയവരുമായി ഒരു പാടുപേര്‍. കടവിലെ കാപ്പിക്കടയത്തായും വല്യവീട്ടിലെ മുസ്തഫാമാമായും, തോപ്പിലെ അത്തായും ഒക്കെ അടങ്ങിയ, ഈ നാട് ഭരിച്ചിരുന്ന പ്രധാനികളും, അപ്രസക്തരും ഉള്‍പ്പടെ, വലിയ ഒരു സംഘം.
സംഘത്തിലെ ആരൊ ഒരാള്‍ പ്രതികരിക്കുന്നു-“ഈ പക്രദ്ദീന്‍ അത്തുത്ത എന്തോന്നാ ഈ പറയുന്നെ?...കാക്കകാഷ്ഠ്മോ? ഇവിടുത്തെക്കാര്യം അതിലും കഷ്ട്മാണ്, മീഞ്ചന്തയില്‍ നിന്ന് ഒഴുകി വരുന്ന മാലിന്യം, മുകളില്‍ നിന്ന് കാക്കകാഷ്ഠം, ഇതിനപ്പുറമുള്ള കോളനിയില്‍ നിന്ന് ഇവിടേക്ക് തള്ളുന്ന ചപ്പ്ചവറുകള്‍,പ്ലാസ്റ്റിക് നാപ്കിനുകള്‍, അങ്ങിനെ എന്തെല്ലാം സഹിക്കണം...പലപ്പൊഴും സാമ്പ്രാണിത്തിരിയുടെ, വളത്തിന്റെ, വിസ്പറിന്റെയും, കേര്‍ഫ്രീയുടേയും മണം...മറ്റുചില അവസരങ്ങളില്‍ ഖബറിന്റെ തുറന്ന കുഴികളില്‍ ആരൊക്കെയോ ഒളിച്ചിട്ട് പോയ ബിരിയാണിയുടെയും നേര്‍ച്ചചോറിന്റെയും മണം. നോമ്പ് സമയത്തണ് ഇതിലൊക്കെ കഷ്ടം-കാക്കകള്‍ കാഷ്ടിക്കുമ്പോലെ നാഴികക്ക് നാല്പതുവട്ടം തുപ്പുന്ന മനുഷ്യരുടെ കാര്യമോ?

പക്രദ്ദീന്‍ ഇത് വല്ലതും കേട്ടോ ആവോ?
അത്തുത്ത വഴിയുടെ പകുതിയോളമെത്തിയിരുന്നു. റബ്ബര്‍മരങ്ങളുടെ കൂട്ടം കഴിഞ്ഞതുകൊണ്ടാ‍വണം അത്തുത്ത കുട മടക്കിയിരുന്നു. ഇനീയും ഒരാളെ കൂടി കണ്ട് നോക്കാം.അത്തുത്ത തീരുമാനിച്ചു. വാര്‍ഡ് മെമ്പറുടെ വീട്ടിലേക്കു അത്തുത്ത തിരിഞ്ഞു.

ചെറുപ്പക്കാരനായ മെമ്പര്‍ വീടിന്റെ തിണ്ണയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. അത്തുത്തായെ കണ്ടമാത്രയില്‍ മെമ്പര്‍ ഓടിയടുത്തെത്തി ശക്തമായി ആലിങ്കനം ചെയ്തു. കുറച്ച് നേരത്തെക്ക് അത്തുത്താക്ക് അനങ്ങാ‍ന്‍ കഴിഞ്ഞില്ല. മെമ്പര്‍ വിടുന്ന ലക്ഷണം കാണുന്നില്ല. തന്റെ കുപ്പായമാകെ ചുളുങ്ങിയിട്ടുണ്ടാവണം. മെമ്പറിന്റെ പിടിയില്‍ നിന്ന് അത്തുത്താക്ക് പുറത്ത് കടക്കാന്‍ കുറച്ച് പണിപ്പെടേണ്ടിവന്നു. ശ്വാസം കിട്ടാതെ അത്തുത്താ കുറച്ച് നേരം അതേ നില്പില്‍ നിന്നു. മെമ്പറും കിതക്കുകയായിരുന്നു. ഒരുപാട് നാളുകൂടിയിരുന്നു കിട്ടിയ ഒരു അവസരമാണ്, പാഴാക്കാന്‍ കഴിയില്ലല്ലോ!

ശ്വാസം നേരെ വീണപ്പോള്‍ അത്തുത്ത മെമ്പറോട് കാര്യം പറഞ്ഞു. മറുപടി പെട്ടന്നായിരുന്നു. -“ഇതു സാരമില്ല, ഞാന്‍ വേണ്ടപ്പെട്ടവരൊടൊക്കെ സംസാരിക്കാം. അത്തുത്താ ഒരു കാര്യം ചെയ്യ്, ഒരു പേപ്പറില്‍ ഇതു ഇങ്ങ് എഴുതിതന്നെര്...”

ഉടനെ മെമ്പര്‍ തന്നെ തിരുത്തി-“അല്ലെങ്കില്‍ വേണ്ട,...ഞാന്‍ തന്നെ എഴുതാം...”.മെമ്പര്‍ വീടിന്റെ അകത്തേക്കു തല ചരിച്ച് അല്പമുറക്കെ വിളിച്ച് പറഞ്ഞു-“എടീ നീ ഒരു വെളുത്ത പേപ്പറിങ്ങെടുത്തൊണ്ട് വാ...” പേപ്പറുമായി മെമ്പറിന്റെ ഭാര്യ വന്നു.
അപേക്ഷ പെട്ടന്നു തന്നെ എഴുതി, മെമ്പര്‍ അത്തുത്താടെ കൈയ്യില്‍ ഏല്പിച്ചു, എന്നിട്ട് അടുത്ത് നിന്ന ഭാര്യയോട് വീണ്ടും എന്തോ രഹസ്യം പറഞ്ഞു. ഭാര്യ പെട്ടന്ന് അകത്തെക്ക് പോയി.
അപേക്ഷയില്‍ എന്താണെഴുതിയതെന്നറിയാതെ നിന്ന അത്തുത്താടെ മുന്‍പില്‍ മെമ്പറുടെ ഭാര്യ ഒരു ക്യാമറായുമായി പ്രത്യക്ഷപ്പെട്ടു.

മെമ്പര്‍ അത്തുത്തായുടെ നേരെ തിരിഞ്ഞു, എന്നിട്ട് പറഞ്ഞു-“അത്തുത്താ ആ അപേക്ഷ എന്റെ ഈ കൈയ്യിലെക്കു തന്നേ..”.
എന്താണെന്നു മനസ്സിലാകാതെ, തന്റെ മുഖത്തേക്കു നോക്കതെ ഭാര്യയുടെ കൈയ്യിലുള്ള ക്യാമറയിലേക്കു നോക്കി ചിരിക്കുന്ന മെമ്പറിന്റെ കൈയ്യിലേക്ക് അത്തുത്ത പേപ്പര്‍ കൊടുത്തത്തും ഫ്ലാഷ് മിന്നി.
ഇനീ എന്തു ചെയ്യണമെന്നറിയാതെ നിന്ന അത്തുത്തായുടെ മുന്‍പില്‍ മെമ്പര്‍ വന്നു നിന്നു. എന്നിട്ട് പറഞ്ഞു-‘എന്നാ അങ്ങിനെയാവട്ടെ...ധൈര്യമായി അത്തുത്താ പൊയ്ക്കൊള്ളു...”
മെമ്പര്‍ ഇതു പറഞ്ഞു അത്തുത്തായെ കൈവീശി യാത്ര അയച്ചു.

വീടിന്റെ മുറ്റത്തേക്ക് കയറിയ അത്തുത്ത കുട ഒരു വശത്തേക്ക് മാറ്റി വെച്ച്, മുറ്റത്ത് തന്നെ നിന്നു. എവിടെനിന്നൊക്കെയോ ദുര്‍ഗന്ധം വമിക്കുന്നു. കാലഘട്ടത്തിനുചേരുന്ന ഗന്ധങ്ങളൊക്കെ തനിക്ക് അന്ന്യമായി , ദുര്‍ഗന്ധമായി തോന്നുന്നതാണോ? ഒരുപക്ഷെ, വാര്‍ദ്ധക്യത്തിന്റെ മണമാവാം...തന്റെ കുപ്പായത്തില്‍ നിന്ന് ഉയരുന്ന ഒട്ടും സുഖകരമല്ലാത്ത ഗന്ധം.മെമ്പറുടെ ആലിംഗനത്തിന്റെ, വാഗ്ദാനങ്ങളുടെ മണം. ഒരിക്കലും പാലിക്കാന്‍ സാദ്ധ്യതയില്ലാത്ത വാക്കുകളുടെ ദുര്‍ഗന്ധം പേറിയ കുപ്പായമൂരുമ്പോള്‍ പക്രദ്ദീന്‍ അത്തുത്ത തളര്‍ന്നിരുന്നു.
കുട മാറ്റി വച്ച്, തന്റെ കുപ്പായം കഴുകാന്‍ അത്തുത്ത ഇരുട്ടിലേക്ക് നടന്നു.

Saturday, June 24, 2006

(അ)രാഷ് ട്രീയം

പണ്ടിവമ്മാരൊക്കെ
ഒരുത്തനെ ഉരുട്ടിക്കൊന്നു
ഇന്നിവനുമവനും
ഉരുണ്ടു കളിക്കുന്നു

ഇന്നലെ കുത്തിക്കൊല
ഇന്നു കെട്ടിപ്പിടി
അന്നു അടിയന്തിരാവസ് ഥ,
ഇന്നു നിസ്സഹായാവസ്ത.

ഇതൊക്കെ വെറും നീക്കുപൊക്ക്,
ഒരു ചെറിയ നീരൊഴുക്ക്.
സഖ്യമല്ല മുഖ്യം,
മുഖ്യനല്ലോ മുഖ്യം.

പാഠം പഠിച്ചവന്‍ പുറത്തായി,
ഒന്നും പഠിക്കാത്തവന്‍ സ്മാര്‍‌ട്ടുമായി.
ഒരുകണക്കില്‍ സുനാമി വന്നതു നന്നായി
അതുകൊണ്ടു, മറ്റ് ചിലരും സ്മാര്‍‌ട്ടായി

ഒരിടത്ത് ഒരച്ഛന്‍ കരയുന്നു
അഴീക്കോട്ടൊരു വിധവയും
വയറെരിയുന്ന കുറേ കുഞ്ഞുങ്ങളും
ഇതൊന്നും കാ‍ണാത്ത രാഷ്ട്രീയവും. ശിവ ശിവ...